യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “ഇതുപോലുള്ള ഒരു ആക്രമണം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല” എന്നാണ് ലെബനനിലെ ബോംബാക്രമണങ്ങളെക്കുറിച്ച് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് പൗലോ ബോർജിയ പറഞ്ഞത്.

ഏപ്രിൽ എട്ട് ബുധനാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ സ്ഥാനങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾ “ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളെ ബാധിച്ചു” എന്നും “മുന്നറിയിപ്പില്ലാതെ” എന്നും അന്താരാഷ്ട്ര റെഡ് ക്രോസ് അറിയിച്ചു. ലെബനൻ അധികൃതരുടെ കണക്കനുസരിച്ച്, ഔദ്യോഗിക മരണസംഖ്യ 182 ആണ്, രാജ്യവ്യാപകമായി 890 പേർക്ക് പരിക്കേറ്റു. മാർച്ച് രണ്ടിനും ഏപ്രിൽ ഏഴിനും ഇടയിൽ, ബോംബാക്രമണങ്ങളിൽ 1,739 പേർ മരിച്ചു.

ലബനനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ഉണ്ടായ ശക്തമായ ആക്രമണങ്ങൾ രാജ്യത്തെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തി. വെടിനിർത്തൽ കരാറിനായി ജനങ്ങൾ കാത്തിരിക്കെ ഉണ്ടായ ആക്രമണങ്ങളെ അന്താരാഷ്ട്ര റെഡ് ക്രോസ് ശക്തമായി അപലപിച്ചു. ജനവാസ മേഖലകളെയും സിവിലിയന്മാരെയും ലക്ഷ്യം വെക്കുന്നതിൽ നിന്ന് ഇരുവിഭാഗവും പിന്മാറണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടു.