തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പു കഴിഞ്ഞപ്പോൾ വലിയ ആത്മവിശ്വാസത്തിലാണു മുന്നണികളും നേതാക്കളും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കണ്ട ആവേശം ഇന്നലെ പോളിംഗ് ബൂത്തുകളിലും പ്രകടമായി.
രാവിലെ മുതൽ ബുത്തുകളിൽ കണ്ട വോട്ടർമാരുടെ തിരക്കു പോളിംഗ് സമയം കഴിയും വരെ തുടർന്നു. വോട്ടിംഗ് ശതമാനത്തിലെ വർധന തങ്ങൾക്ക് അനുകൂലമാകുമെന്നാണു മുന്നണികളുടെ പ്രതീക്ഷ.
വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളോടൊപ്പമാണെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.
വോട്ടെടുപ്പിനുശേഷം ഇടതുനേതാക്കളെല്ലാം വലിയ പ്രതീക്ഷയാണു പൊതുവെ പ്രകടിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ യുഡിഎഫ് നേതാക്കൾ പ്രകടിപ്പിച്ച ആത്മവിശ്വാസം ഇന്നലെ പോളിംഗ് കഴിയുന്പോൾ കൂടുന്നതായാണു അവരുടെ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫ് നൂറിലധികം സീറ്റു നേടുമെന്ന് ഇന്നലെയും പ്രതീക്ഷ പ്രകടിപ്പിച്ചു. രാഷ്ട്രീയ സാഹചര്യം മനസിലാക്കി ജനം യുഡിഎഫിനു വോട്ടു ചെയ്തുവെന്നും സതീശൻ പറഞ്ഞു.
“ബൈ ബൈ പിണറായി”യെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പിണറായി വിജയനു കേരള ജനത ഗുഡ്ബൈ പറഞ്ഞ ദിവസമായിരുന്നു ഇന്നലെയെന്നു രമേശ് ചെന്നിത്തലയും പറയുന്പോൾ കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷയുടെ ഗ്രാഫ് വളരെ മുകളിലാണ്. മുസ്ലിംലീഗ് നേതാക്കളും വളരെ ആത്മവിശ്വാസത്തിലാണ്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.
സംസ്ഥാനത്തു വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപിയും എൻഡിഎയും. എത്ര സീറ്റുകൾ ലഭിക്കുമെന്ന കൃത്യമായ കണക്കൊന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പറഞ്ഞിരുന്നില്ല. പരമാവധി നാലോ അഞ്ചോ സീറ്റുകളാണ് അവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാവാം കേരളത്തിൽ തൂക്കു സഭ ഉണ്ടാകുമെന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റു നേതാക്കളും പറഞ്ഞത്. ലഭിച്ചേക്കുമെന്നു പ്രതീക്ഷയുള്ള അഞ്ചു സീറ്റുകളിൽ രണ്ടെണ്ണം തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. നേമവും കഴക്കൂട്ടവും ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു നേതാക്കൾ.



