ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ് എന്നാണ് മോദി വിശേഷിപ്പിച്ചത്. 

“ശ്രീ അജിത് പവാർ ജി ജനങ്ങളുടെ നേതാവായിരുന്നു, അടിത്തട്ടിൽ  ശക്തമായ ബന്ധമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.

സംഭവത്തെ വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്ന് വിശേഷിപ്പിച്ച മോദി, ഭരണപരമായ കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിലുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം അതീവ ദുഃഖകരമാണെന്നും കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം അറിയിക്കുന്നാതായും കൂട്ടിച്ചേർത്തു.