കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഇന്നേക്ക് 26-ാം ദിവസം കേരളത്തിലെ ഇടതു ദുർഭരണം അവസാനിക്കാനുള്ള അന്തിമ തീരുമാനം ബാലറ്റ് പെട്ടിയിലൂടെ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. 

2026 മാർച്ച് 15 ഞായറാഴ്ച എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ നിലവിലെ ഭരണത്തിൽ മടുത്തിരിക്കുകയാണെന്നും യു.ഡി.എഫ്. വലിയ ആത്മവിശ്വാസത്തോടെയാണ് പോരാട്ടത്തിനിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് വെല്ലുവിളിയാണെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ ആദ്യവാരം വിശുദ്ധവാരമാണ്. ഏപ്രിൽ 14-ന് വിഷുവും വരുന്നു. ഫലത്തിൽ 13-ഓ 14-ഓ ദിവസങ്ങൾ മാത്രമേ സജീവമായ പ്രചാരണത്തിന് മുന്നിലുള്ളൂ. എങ്കിലും ജനവികാരം യു.ഡി.എഫിന് അനുകൂലമായതിനാൽ ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ശക്തമായ പ്രചാരണം കാഴ്ചവെക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോടികൾ ചെലവാക്കി സർക്കാർ വൻ പ്രചാരണമാണ് ഇതിനകം നടത്തിയത്. അടുത്ത സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ പോലും ഈ സർക്കാരിന്റെ ചെലവിൽ പരസ്യങ്ങളായി നൽകി ഖജനാവ് ധൂർത്തടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം അധാർമ്മികമായ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും ബാലറ്റിലൂടെ ഇതിന് മറുപടി നൽകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി പ്രസിദ്ധീകരിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുന്ന മികച്ച സ്ഥാനാർത്ഥികളാകും ഇത്തവണ മത്സരരംഗത്തുണ്ടാകുക. ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളുമായി യു.ഡി.എഫ്. സർക്കാർ രൂപീകരിക്കാനായി കേരള ജനത കാത്തിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു.