വത്തിക്കാന്‍ സിറ്റി: ലോകത്തെ നടുക്കുന്ന യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്താന്‍ ലോകനേതാക്കള്‍ തയാറാകണമെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. അധികാരത്തിനായുള്ള തന്ത്രങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഉപേക്ഷിക്കണമെന്നും “നഗരത്തിനും ലോകത്തിനും’ എന്നര്‍ഥം വരുന്ന ‘ഉര്‍ബി എത്ത് ഒര്‍ബി’ ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
അക്രമങ്ങള്‍ സാധാരണമായ ഒന്നായി മാറുന്നതിലും അതിനോട് ആളുകള്‍ നിസംഗത കാണിക്കുന്നതിലും മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. “ആയുധങ്ങളുള്ളവര്‍ അതു താഴെവയ്ക്കുക. യുദ്ധം അഴിച്ചുവിടാന്‍ അധികാരമുള്ളവര്‍ സമാധാനം തെരഞ്ഞെടുക്കുക”- മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള തന്റെ ആദ്യ ഈസ്റ്റര്‍ സന്ദേശത്തില്‍ ലെയോ മാര്‍പാപ്പ വൈകാരികമായാണ് ഇങ്ങനെ ആവശ്യപ്പെട്ടത്.
“ലോകം അക്രമങ്ങളോട് ശീലിച്ചുപോകുകയാണ്. ഇത് അപകടകരമാണ്. ഈശോമിശിഹായുടെ പുനരുത്ഥാനം പൂര്‍ണമായും അഹിംസയിൽ അധിഷ്ഠിതമാണ്. ക്ഷമിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന സ്നേഹത്തിലധിഷ്ഠിതമാണത്. ഈ ആഘോഷവേളയില്‍ വിദ്വേഷവും ആധിപത്യമോഹവും ഉപേക്ഷിച്ച് സമാധാനത്തിനായി പ്രാര്‍ഥിക്കണം”.
വര്‍ധിച്ചുവരുന്ന നിസംഗതാ മനോഭാവത്തില്‍ ആശങ്ക പ്രകടിപ്പിച്ച മാര്‍പാപ്പ, നമുക്ക് നിസംഗരായിരിക്കാനോ തിന്മയോടു താദാത്മ്യം പ്രാപിക്കാനോ സാധിക്കില്ലെന്നും വ്യക്തമാക്കി.
ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന സമാധാനം കേവലം ആയുധങ്ങളുടെ നിശബ്ദത മാത്രമല്ല, മറിച്ച് നമ്മില്‍ ഓരോരുത്തരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ആന്തരിക സമാധാനം കൂടിയാണ് -മാര്‍പാപ്പ പറഞ്ഞു.
പത്തു ഭാഷകളിലായി വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന മാര്‍പാപ്പ, ഈമാസം 11ന് സമാധാനത്തിനായി പ്രത്യേക പ്രാര്‍ഥനായോഗം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
യുദ്ധത്തിന്റെ അക്രമങ്ങളും കാലാവസ്ഥാ വ്യതിയാനവും മറ്റു ദുരിതങ്ങളും തീര്‍ക്കുന്ന പ്രതിസന്ധിക്കിടയില്‍ പ്രത്യാശ കൈവിടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ഉയിര്‍പ്പുതിരുനാള്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് വചനസന്ദേശം നല്കവേ മാര്‍പാപ്പ പറഞ്ഞു.
ഏറ്റവും ദുര്‍ബലരെ തകര്‍ക്കുന്ന ചൂഷണങ്ങളും ഭൂമിയുടെ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ലാഭക്കൊതിയും, കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്ന യുദ്ധത്തിന്റെ അക്രമവും എല്ലാ കോണുകളില്‍നിന്നും ഉയരുന്നു. ഇതിനുള്ള മറുപടിയാണ് ഈസ്റ്റര്‍ നല്കുന്ന സന്ദേശം. നമുക്കു ചുറ്റും നിരന്തരമായ അനീതി, തിന്മ, നിസംഗത, ക്രൂരത എന്നിവ കാണുമ്പോള്‍ പലപ്പോഴും ദൈവം ഇല്ലെന്ന് തോന്നിപ്പോയേക്കാം.
എന്നാല്‍ ഇരുട്ടിന്റെ നടുവില്‍ എപ്പോഴും പുതിയ എന്തെങ്കിലും ജീവന് പ്രാപിക്കുകയും എത്രയും വേഗം ഫലം പുറപ്പെടുവിക്കുകയും ചെയ്യുമെന്നതു സത്യമാണ്. ഈ പ്രത്യാശയാണ് ഈസ്റ്റര്‍ നമുക്കു നല്‍കുന്നത്.
യുദ്ധത്തിന്റെ വ്യാപ്തി കണ്ട് ആരും തളര്‍ന്നുപോകരുതെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും ശനിയാഴ്ച രാത്രി നടന്ന ഈസ്റ്റര്‍ വിജിലിലും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവനോടൊപ്പം, നാമും പുതിയ ജീവിതത്തിലേക്ക് ഉയിര്ത്തെഴുന്നേല്ക്കുന്നു.
“ഈസ്റ്റര്‍ നമ്മെ ഒരിക്കലും പരാജയപ്പെടാത്ത ഒരു പ്രത്യാശയിലേക്കും ഒരിക്കലും മങ്ങാത്ത ഒരു വെളിച്ചത്തിലേക്കും, ഒന്നിനും എടുത്തുകളയാന്‍ കഴിയാത്ത സന്തോഷത്തിന്റെ പൂര്‍ണതയിലേക്കും നയിക്കുന്നു. കാരണം, മരണം എന്നെന്നേക്കുമായി കീഴടക്കപ്പെട്ടു. ഇനി മരണത്തിന് നമ്മുടെമേല്‍ അധികാരമില്ല”.-മാര്‍പാപ്പ പറഞ്ഞു.
ശനിയാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ 50,000ത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ ഉച്ചയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഒന്നര ലക്ഷത്തോളം പേരാണു പങ്കെടുത്തത്.
നെതര്‍ലാന്‍ഡ്സില്‍നിന്ന് എത്തിച്ച തുലിപ് ഉള്‍പ്പെടെയുള്ള പുഷ്പങ്ങള്ക്കൊണ്ടാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ബലിവേദിയും പരിസരവും അലംകൃതമാക്കിയത്. തുടര്‍ച്ചയായി ഇത് 40-ാം വര്‍ഷമാണ് ഉയിര്‍പ്പുതിരുനാള്‍ ദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരം അലങ്കരിക്കാന്‍ നെതര്ലാന്ഡ്സില്നിന്നു സൗജന്യമായി പുഷ്പങ്ങള്‍ എത്തിക്കുന്നത്.



