തിരുവനന്തപുരം: മണ്ണന്തല സ്നേഹ ജംഗ്ഷന് സമീപം ലോ കോളജ് വിദ്യാർഥികൾക്ക് നേരെ അക്രമിസംഘത്തിന്‍റെ ക്രൂരമർദനം. ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥികൾ വച്ചിരുന്ന ‘ടോയ് കണ്ണട’ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ എൽഎൽബി വിദ്യാർഥി പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ലോ കോളജ് വിദ്യാർഥികൾ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം നടന്നത്. യാത്രയ്ക്കിടെ ഇവർ തമാശയ്ക്കായി വാങ്ങിയ ടോയ് കണ്ണട വച്ചിരുന്നു. സ്നേഹ ജംഗ്ഷന് സമീപം വെച്ച് ഇവരെ തടഞ്ഞുനിർത്തിയ നാലംഗ സംഘം ഈ കണ്ണട ആവശ്യപ്പെടുകയും തുടർന്ന് വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

തർക്കം മുറുകിയതോടെ അക്രമിസംഘം വിദ്യാർഥികളെ ബൈക്കിൽ നിന്നു റോഡിലേക്ക് തള്ളിയിട്ടു. തുടർന്ന് ക്രൂരമായി മർദിക്കുകയും വിദ്യാർഥിയുടെ തന്നെ ഹെൽമെറ്റ് പിടിച്ചുവാങ്ങി തലയ്ക്ക് ആഞ്ഞടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മർദനം തടയാൻ ശ്രമിച്ച സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മണ്ണന്തല പോലീസ് നാലുപേർക്കെതിരെ കേസെടുത്തു.

നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മണ്ണന്തല എസ്ഐ ടി. മുഹമ്മദ് യാസീന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.