പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്. മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ലസിത പറഞ്ഞു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റെ കാര്യം നിയമത്തിന് വിടുന്നുവെന്നും ലസിത നായർ പറഞ്ഞു. സിപിഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ ജനാധിപത്യ കേരളത്തിനു നാണക്കേടാണെന്നും പോലീസിനെ വെട്ടിച്ചു നടക്കുന്ന ലൈംഗിക കുറ്റവാളി ആണെന്നും ലസിത കുറ്റപ്പെടുത്തി. കോൺഗ്രസ് അയാളെ സംരക്ഷിക്കുന്നു. മാറ്റി നിർത്തണമായിരുന്നു. രാഹുലിനെ അനുകൂലിക്കുന്നവർക്ക് സീറ്റ് നൽകി. ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നും രാഹുലിനെ പിന്തുണച്ച ആളാണ് ശ്രീനാദേവിയെന്നും ലസിത അഭിപ്രായപ്പെട്ടു. സംസ്ഥാന വ്യാപക പ്രതിഷേധം മഹിളാ അസോസിയേഷൻ നടത്തുമെന്നും ലസിത അറിയിച്ചു.



