ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും വനിതകളെ ചാവേറുകളായും സായുധ പോരാളികളായും ഉപയോഗിക്കാൻ വ്യാപകനീക്കം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ മുൻനിർത്തി ആക്രമണങ്ങൾ നടത്താനാണ് പാക് ഭീകരസംഘനകളുടെ നീക്കം.
വനിതാവിഭാഗം
ഇതുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് കഴിഞ്ഞ വർഷം ഒക്ടോബറിൽ “ജമാഅത്ത് ഉൽ മുമിനാത്ത്’ എന്ന വനിതാ വിഭാഗത്തിനു രൂപം നൽകിയിരുന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ലഷ്കർ ഇ തൊയ്ബ തങ്ങളുടെ സ്ത്രീ വിഭാഗമായ “ത്വയിബത്ത്’ എന്ന ശൃംഖലയും സജീവമാക്കിയിരിക്കുകയാണ്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് ഭീകരർ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും.
വിദ്യാസമ്പന്നരായ മുസ്ലിം യുവതികളെ ലക്ഷ്യമിട്ടാണ് ഭീകര സംഘടനകളുടെ പ്രവർത്തനം. മുസ്ലിം ആരാധന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളിലൂടെ മതവികാരം ചൂഷണം ചെയ്താണ് ഇവരെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്പതിന് ലാഹോറിൽ ത്വയിബത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ലഷ്കർ കമാൻഡർമാരുടെ ഭാര്യമാരടക്കം പങ്കെടുക്കുകയും ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ ഇത്തരത്തിൽ ഭീകരപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതു സമൂഹത്തിൽ ആഴത്തിൽ വിഷം വിതയ്ക്കുന്നതിനു തുല്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
നേരത്തെ, പുരുഷന്മാരെ മാത്രം ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്ന സംഘടനകളുടെ പ്രവർത്തനശൈലിയിൽ വന്ന മാറ്റം സുരക്ഷാ ഏജൻസികൾക്കു വലിയ വെല്ലുവിളിയായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കടുത്ത വെല്ലുവിളി
ആശയപ്രചാരണം, സാധനങ്ങളുടെ കൈമാറ്റം, പുതിയ അംഗങ്ങളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾക്കായി സ്ത്രീകളെ ഉപയോഗിക്കുന്നതുവഴി ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തുന്നത് അന്വേഷണ ഏജൻസികൾക്കു ശ്രമകരമായ ജോലിയാകും. ജെയ്ഷെ മുഹമ്മദിന്റെ ലഷ്കറിന്റെയും പുതിയ തന്ത്രത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സമിതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, പുൽവാമ ചാവേർ സ്ഫോടനം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഈ സംഘടനകളുടെ പുതിയ നീക്കം ദക്ഷിണേഷ്യൻ സുരക്ഷാ മേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.



