വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട അവിശ്വാസം സമാധാന ചർച്ചകൾക്ക് പ്രധാന തടസമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എങ്കിലും, ഇറാൻ പ്രതിനിധികൾ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ വേദിയാകുന്ന രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസം പെട്ടെന്ന് പരിഹരിക്കാനാവില്ല. ഇത് സമാധാന ശ്രമങ്ങളിലെ ഏറ്റവും വലിയ നയതന്ത്ര തടസമാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ ചർച്ചകളിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ചർച്ചകൾ തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച പാകിസ്താനിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ ചർച്ചകൾ ഉപേക്ഷിക്കാൻ ഇരുവിഭാഗവും തയ്യാറായിട്ടില്ല. രണ്ടാം ഘട്ട ചർച്ചകൾക്ക് ഇറാൻ ഇനിയും തയ്യാറായിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്.



