മലപ്പുറം: കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.
കോട്ടക്കൽ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച ശേഷം റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിൽ മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തിനു പിന്നാലെ സ്ഥലത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയിട്ടുണ്ട്.



