കുംഭമേള വൈറൽ താരം കോടതിയിൽ രഹസ്യ മൊഴി നൽകി. സമുഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകൻ മോശമായി പെരുമാറി എന്നീ പരാതികളുമായി ബന്ധപ്പെട്ട കേസിലാണ് പെൺകുട്ടി രഹസ്യ മൊഴി നൽകിയത്.

നേരത്തെ എറണാകുളം സെൻട്രൽ പൊലീസിന് പെൺകുട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയിലെടുത്ത കേസിലാണ് ഇന്ന് വൈകുന്നേരം കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ പെൺകുട്ടി വിവാഹവുമായി ബന്ധപ്പെട്ട പ്രായ വിവാദത്തിലടക്കം പ്രതികരിച്ചു. പ്രായപൂർത്തിയാകും മുന്നേയാണ് വിവാഹം നടന്നതെന്ന വിവാദം നുണപ്രചരണമാണെന്നാണ് വൈറൽ താരം പ്രതികരിച്ചത്.

ബി ജെ പിയുടെ രാഷ്ട്രീയം ആണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള കേസിന് പിന്നിലെന്നും പെൺകുട്ടി അഭിപ്രായപ്പെട്ടു. തന്‍റെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കിയാണ് ആരോപണം നടത്തിയതെന്നും വൈറൽ താരം കൂട്ടിച്ചേർത്തു. ദൈവത്തെ ഓർത്ത് തനിക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. എറണാകുളം സി ജെ എം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം ആയിരുന്നു വൈറൽ താരത്തിന്‍റെ പ്രതികരണം.