ആരോഗ്യ മന്ത്രി വീണ ജോർജ് ‘അഭിനയ റാണി’യാണെന്നും കെ.എസ്.യു. പ്രവർത്തകർക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ മന്ത്രി പുറത്തിറങ്ങുമ്പോൾ വീണ്ടും തടയുമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കണ്ണൂർ ഡി.സി.സി. ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിക്കെതിരെ കയ്യേറ്റം നടത്താൻ പ്രതിഷേധത്തിൽ പങ്കെടുത്ത കെ.എസ്.യു. പ്രവർത്തകർക്ക് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ.എസ്.യു. പുറത്തുവിട്ട ദൃശ്യങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് മന്ത്രി പറയുന്നത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നവർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളും സംഭവത്തെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ടും പുറത്തുവിടാൻ തയ്യാറാകണം. തന്നെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചുവെന്ന മന്ത്രിയുടെ വാദത്തിൽ ആത്മാർത്ഥതയില്ലെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് ധാരണയില്ലാത്തതെന്ന് അലോഷ്യസ് സേവ്യർ പരിഹസിച്ചു. ചാനൽ അവതാരക വേഷത്തിൽനിന്ന് മന്ത്രി കസേരയിലെത്തിയവർ കെ.എസ്.യു. പ്രവർത്തകരെ ജനാധിപത്യപരമായ സമരമുറകൾ പഠിപ്പിക്കേണ്ടതില്ല. സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിയുടെ കള്ളക്കഥയാണ് ആവർത്തിക്കുന്നത്. 

കെ.എസ്.യു. പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കാനും വീടുകൾ ആക്രമിക്കപ്പെടാനും കാരണമായത് മന്ത്രിയുടെ ഈ നിലപാടാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ‘അന്തംകമ്മികളായ’ ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് താഴരുത്. വസ്തുതകൾ തിരിച്ചറിഞ്ഞ് ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ മന്ത്രി തയ്യാറാകണം.  അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു. മുന്നോട്ടുപോകുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. സാധാരണക്കാരെ അകറ്റുന്ന സംവിധാനമായി കേരളത്തിലെ ആരോഗ്യവകുപ്പ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.