കോട്ടയം കെഎസ്ആർറ്റിസിക്ക് സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് അൻപതാം പിറന്നാൾ. ഇന്നു രാവിലെ 11നു ഇവിടെ പഴയകാല സൗഹൃദ കൂട്ടായ്മ‌ ഒരുക്കിയാണ് 50-ാം പിറന്നാൾ ആഘോഷിക്കുന്നത്.

50 വർഷം മുമ്പ് കോഫി ഹൗസിന്റെ എറണാകുളത്തെ ഒരു ശാഖ നിർത്തിയപ്പോൾ അവിടുത്തെ ഫർണിച്ചറും ജീവനക്കാരെയും ചേർത്ത് കോട്ടത്ത് ടി ബി റോഡിലെ ഒരു വീട്ടിൽ ഈ കോഫീ ഹൗസ് പിറവി കൊള്ളുകയായിരുന്നു.

എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എം പി, കെ.സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെ നഗരം സമ്മാനിച്ച നിരവധി നേതാക്കളുടെ കോളേജ് ജീവിത കാലത്തെ ഇടവേളകൾ ചിലവഴിച്ചിരുന്ന ഇടമായിരുന്നു ഈ കാപ്പിക്കട. അവർക്കെല്ലാം ഈ കോഫീ ഹൗസ് സമ്മാനിക്കുന്നത് മധുരസ്മരണകൾ മാത്രം.

ലോകവും, കാലവും മാറിയെങ്കിലും കോഫീ ഹൗസിലെ കാപ്പിയുടെയും, മസാല ദോശയുടെയും രുചിയും ഗുണവും അതേപടി നിലനിൽക്കുന്നു എന്നതാണ് ഇവിടേക്ക് ഇന്നും ആളുകൾ ഇരച്ചുകയറുന്നതിൻ്റെ മന്ത്രമെന്ന് ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം നഗരം ഒരുപാട് മാറി എങ്കിലും പഴമ നഷ്‌ടപ്പെടുത്താതെ കെട്ടിടം അതേനിലയിൽ നിലനിർത്തണമെന്ന കോഫി ഹൗസിൻ്റെ അഭ്യർഥനയെ തുടർന്ന് കെട്ടിടം ഉടമകൾ തറയിൽ ടൈൽസ് പാകിയും മേൽക്കൂരയുടെ ഓട് മാറ്റിയിട്ടും കെട്ടിടം ബലവത്താക്കുകയല്ലാതെ രൂപമാറ്റം വരുത്തിയില്ല.
നിലവിൽ 26 ജീവനക്കാരാണ് ഇവിടെയുള്ളത്.