പാലക്കാട്: മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർഥികൾ കൊന്പുകോർക്കുന്ന മണ്ഡലമായ കോങ്ങാട് ഇക്കുറി പോരാട്ടത്തിനു വീര്യമേറും. സംവരണമണ്ഡലമായ കോങ്ങാട് നിലവിലെ എംഎൽഎ സിപിഎമ്മിലെ അഡ്വ. കെ. ശാന്തകുമാരിയെ നേരിടാൻ പ്രഫ. കെ.എ. തുളസിയെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. എൻഡിഎ സ്ഥാനാർഥിയായി ഡോ. രേണു സുരേഷ് കൂടി രംഗത്തിറങ്ങിയതോടെ സർവം വനിതാമയം.
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന കെ. ശാന്തകുമാരിക്കു വിജയത്തെക്കുറിച്ച് സംശയമേതുമില്ല. 2021ൽ ലീഗ് സ്ഥാനാർഥിയായ യു.സി. രാമനെ 27219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശാന്തകുമാരി തോൽപ്പിച്ചത്.
ഇത്തവണ കോണ്ഗ്രസ് ലീഗിൽനിന്ന് സീറ്റ് ഏറ്റെടുത്തതു വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. പൊള്ളയായ വികസന കണക്കുകൾ നിരത്തുന്ന എൽഡിഎഫിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് യുഡിഎഫ് പറയുന്നു.
2016ൽ കോങ്ങാട് മത്സരിച്ചയാളാണ് രേണു സുരേഷ്. കഴിഞ്ഞതവണ നേടിയ കാൽലക്ഷത്തിലേറെ വോട്ടുകളിൽനിന്നു വലിയ വർധനയുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അഭിഭാഷകയായ ശാന്തകുമാരിയും നെന്മാറ എൻഎസ്എസ് കോളജിലെ ചരിത്രവിഭാഗം മേധാവിയായ പ്രഫ.കെ.എ. തുളസിയും സാമൂഹ്യസേവനത്തിൽ ഡോക്ടറേറ്റുള്ള രേണു സുരേഷും നേർക്കുനേർ നിൽക്കുന്പോൾ മികവിന്റെ മാറ്റുരയ്ക്കലിൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നു തീർച്ച.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ് അഡ്വ. കെ. ശാന്തകുമാരി. കെപിസിസി ജനറൽ സെക്രട്ടറിയായ പ്രഫ. കെ.എ. തുളസി വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ്. ബിജെപി സംസ്ഥാനസെക്രട്ടറിയാണ് ഡോ. രേണു സുരേഷ്.
മൂന്നു മുന്നണികളുടെ വനിതാ സ്ഥാനാർഥികളെക്കൂടാതെ ബിഎസ്പിയുടെ പി.ഇ. ഗുരുവായൂരപ്പനും ഇവിടെ മത്സരിക്കുന്നുണ്ട്.



