കൊച്ചി: കാക്കനാട്ടെ ഐടി കേന്ദ്രമായ ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ പൂർത്തിയായ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ആദ്യ ഗർഡർ ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകൾക്കു മുകളിൽ വെള്ളിയാഴ്ച പുലർച്ചെ സ്ഥാപിച്ചു. 1,957.05 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ ഏറെ തിരക്കുള്ള ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് II വരെ നീളുന്നതാണ്.
കളമശേരിയിലെ കാസ്റ്റിങ് യാഡിൽ നിർമിച്ച 170 ടൺ ഭാരമുള്ള ” U ” ഗർഡർ മൾട്ടി ആക്‌സിൽ ട്രെയിലർ ഉപയോഗിച്ചാണു തൂണുകൾക്കു മുകളിലെ പിയർ ക്യാപ്പിൽ ഉറപ്പിച്ചത്. ബാക്കിയുള്ള തൂണുകളിൽ വരും ദിവസങ്ങളിൽ ഗർഡർ സ്ഥാപിക്കും. സെസ്, ആലിൻചുവട്, വാഴക്കാല സ്റ്റേഷനുകൾക്കിടയിലായി ഇതിനകം 65 തൂണുകളുടെ നിർമാണം പൂർത്തിയായി. 18 തൂണുകളിൽ പിയർ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ പാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകൾക്കുള്ള 260 പൈലുകളും ഉൾപ്പെടെ മൊത്തം 1135 പൈലുകളുടെ നിർമാണം പൂർത്തിയായി. 2019 പൈലുകളാണ് ആകെ വേണ്ടത്. 469 തൂണുകളുമുണ്ട്. കളമശേരിയിലെ കാസ്റ്റിങ് യാഡിൽ ഗർഡറുകളുടെയും പിയർ ക്യാപുകളുടെയും നിർമാണവും പുരോഗമിക്കുകയാണ്.
100 U ഗർഡറുകളുടെയും 72 (I) ഗർഡറുകളുടെയും 100 പിയർ ക്യാപുകളുടെയും നിർമാണം ഇതിനകം പൂർത്തിയായി. വൈഡക്ട് പൂർത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിർമാണത്തിനുള്ള ടെണ്ടറിംഗ് നടപടികളും പുരോഗമിക്കുകയാണ്. കലൂർ – ഇൻഫോപാർക്ക് ലൈനിന് ആകെ വേണ്ടത് 490 U ഗർഡറും 534 (I) ഗർഡറുമാണ്. ആകെ വേണ്ട പിയർ ക്യാപുകളുടെ എണ്ണം 371 ആണ്. ഗർഡറുകൾ ഉറപ്പിച്ച വയഡക്ട് പൂർത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിർമാണത്തിനുള്ള ടെൻഡറിങ് നടപടികൾ ആരംഭിക്കുമെന്നു കെഎംആർഎൽ അറിയിച്ചു. വൈഡക്ട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിര്‍മാണത്തിനുള്ള ടെണ്ടറിംഗ് നടപടികളും പുരോഗമിക്കുകയാണ്.
11.2 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട റൂട്ടിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈനിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) 2022 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭാഗികമായി ധനസഹായം നൽകും.



