കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. കൊച്ചി സിറ്റി പരിധിയില്‍ 20 സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കാപ്പാ ആക്ട് പ്രകാരം അറസ്റ്റും നാടുകടത്തലും ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.
63 പേര്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി കുറ്റം ചെയ്യാതിരിക്കാനുള്ള ബോണ്ട് വയ്പ്പിച്ചു. അതു ലംഘിച്ചാല്‍ പ്രസ്തുത വ്യക്തികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
ലഹരി വില്പനയും ഉപയോഗവും കര്‍ശനമായി തടയുന്നതിനായി പേര്‍ക്കെതിരെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം നടപടികള്‍ കൈക്കൊണ്ടു ജയിലില്‍ അടച്ചു. 80 ഓളം പേര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ കൈക്കൊണ്ടുവരുന്നു. കോടതിയില്‍ നിന്ന് ജാമ്യമില്ലാ വാറണ്ട് പ്രകാരം കുറ്റം ചെയ്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി പ്രത്യേക സംഘം രൂപീകരിച്ചു നടപടികള്‍ കൈക്കൊണ്ടുവരുന്നതിന്റെ ഭാഗമായി 600 ലധികം പേരെ കോടതി മുന്‍പാകെ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിച്ചു.
അനധികൃത മദ്യ വില്പനയും ഉത്പാദനവും തടയുന്നതിനും അനധികൃതമായി ആയുധങ്ങള്‍, പണം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതിനും വേണ്ടി കൊച്ചി സിറ്റിയുടെ അതിര്‍ത്തി ഭാഗങ്ങളില്‍ മുഴുവന്‍ സമയ കര്‍ശന വാഹന പരിശോധയും നിലവില്‍ ആരംഭിച്ചിട്ടുണ്ട്.
ലൈസന്‍സ് ഉള്ള ആയുധം കൈവശമുള്ളവര്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള നിര്‍ദേശം നല്കി. നിലവില്‍ 250 ലധികം ആയുധങ്ങള്‍ ഇതിനോടകം തന്നെ സറണ്ടര്‍ ചെയ്തുവെന്നും പോലീസ് അറിയിച്ചു.



