പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ കിംഗ് ഫഹദ് കോസ്‌വേ അനിശ്ചിതകാലത്തേക്ക് അടച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് അതീവ മുൻകരുതൽ നടപടിയായി പാലം അടച്ചത്. സൗദിയെയും ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ഏക റോഡ് മാർഗ്ഗമായ 25 കിലോമീറ്റർ (15.5 മൈൽ) നീളമുള്ള ഈ പാലം അടച്ചത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഗതാഗതത്തെയും വ്യാപാരത്തെയും സാരമായി ബാധിക്കും.

സൗദി അറേബ്യയിലെ ദേശീയ പ്രാരംഭ ജാഗ്രതാ പ്ലാറ്റ്‌ഫോം (National Early Warning Platform) നൽകിയ മിസൈൽ ആക്രമണ മുന്നറിയിപ്പിനെത്തുടർന്നാണ് അധികൃതർ ഈ തീരുമാനമെടുത്തത്. ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കകം തുറക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഭീകരമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ ഗൾഫ് രാജ്യങ്ങളിലെ പാലങ്ങളും മറ്റ് പ്രധാന കേന്ദ്രങ്ങളും ഇറാന്റെ മിസൈൽ ലക്ഷ്യങ്ങളാകുമെന്ന് ഭീതി നിലനിൽക്കുന്നുണ്ട്. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയിലുടനീളം ഇതിനകം തന്നെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.