ടെഹ്റാൻ: ഇസ്രായേലിനെതിരേ ഇറാൻ വിജയം കൈവരിച്ചതായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടിയാണെന്നും അദ്ദേഹം ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ശേഷമുള്ള ആദ്യപ്രതികരണമാണ് ഖമീനിയുടേത്.
യുഎസ് ഭരണകൂടത്തിനെതിരായ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും ഖമീനി സന്ദേശത്തിൽ പറഞ്ഞു. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ ഇസ്രയേൽ പൂർണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് ആക്രമണത്തിൽ പങ്കെടുത്തത്. എന്നാൽ ഈ യുദ്ധത്തിൽ അവർക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞു.
ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സേനയ്ക്കെതിരേ ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ചും ഖമീനി പ്രതികരിച്ചു. യുഎസിന്റെ മുഖത്ത് കനത്ത പ്രഹരമേൽപിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനായെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ-ഉദൈദ് വ്യോമതാവളത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയിൽ വേണ്ടിവന്നാൽ ഇത്തരം നടപടി ആവർത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ജൂൺ 18-നായിരുന്നു ഖമീനിയുടെ അവസാന പ്രതികരണം ഉണ്ടായത്. എന്നാൽ, പിന്നീട് അദ്ദേഹം പൊതു പ്രസ്താവനകളൊന്നും നടത്തിയില്ല. ഖമീനി എവിടെയെന്ന ചോദ്യം ഇസ്രയേൽ മാധ്യമങ്ങളടക്കം ഉയർത്തിയിരുന്നു. 12 ദിവസം നീണ്ട സംഘർഷത്തിനൊടുവിലാണ് ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, വെടിനിർത്തലിന് ശേഷവും ഇരു രാജ്യങ്ങളും പരസ്പരം മിസൈലാക്രമണം നടത്തിയിരുന്നു. ഇത് ട്രംപിനെ രോഷാകുലനാക്കുകയും ചെയ്തിരുന്നു.