കേരളത്തിൽ വേനൽ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളിൽ 16.5 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.



