കൊച്ചി: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ബൂത്തുകളിൽ നീണ്ട നിര. നിലവിൽ 5.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. പുന്നപ്ര പറവൂർ വി.എസ്.അച്യുതാനന്ദൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 92-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് മൂലം രാവിലെ എട്ടു മണിയായിട്ടും വോട്ടെടുപ്പ് ആരംഭിക്കാൻ ആയിട്ടില്ല.
പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകുന്നേരം ആറുവരെയ ക്യൂവിലുളള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.75 ശതമാനം ആയിരുന്നു പോളിംഗ്.



