കൊച്ചി: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരളം’ അല്ലെങ്കിൽ ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ വീണ്ടും പൊതുതാത്പര്യ ഹർജി. സിനിമയുടെ പേരിൽ ‘കേരള’ എന്ന വാക്ക് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഒരു പ്രത്യേക മതവിഭാഗത്തോടുള്ള വിദ്വേഷം പടർത്തുന്നതിനും കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമ പൂർണമായും സാങ്കല്പികമാണെന്നും കേരളം ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നോ ഇന്ത്യയിലുടനീളം ഷരിയ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നോ തെളിയിക്കുന്ന ഔദ്യോഗിക വിവരങ്ങൾ നിലവിലില്ലെന്നുമുള്ള മുന്നറിയിപ്പ് സിനിമയിൽ പ്രദർശിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന മതംമാറ്റ കണക്കുകളും ഐസിസ് റിക്രൂട്ട്മെന്റ് വിവരങ്ങളും അതിശയോക്തി കലർന്നതാണെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ള കാര്യവും ഹർജിയിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച സിനിമയുടെ റിലീസ് ഒരു സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നുവെങ്കിലും, അന്നുതന്നെ രാത്രി ഏഴരയ്ക്ക് ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി സ്റ്റേ നീക്കിയത് അസ്വാഭാവികമാണെന്നും ഹർജിയിൽ പറയുന്നു.



