കുംഭമേളയിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച പെൺകുട്ടിയുടെ പരാതിയിൽ വിശ്വഹിന്ദു പരിഷത്ത് (VHP) നേതാവിനും സിനിമാ സംവിധായകനുമെതിരെ എറണാകുളം സെൻട്രൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വിഎച്ച്പി നേതാവും അഭിഭാഷകനുമായ അനിൽ വിളയിൽ, സിനിമാ സംവിധായകൻ സനോജ് മിശ്ര എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘ദി ഡയറി ഓഫ് മണിപ്പൂർ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ പരാതി. താൻ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ഈ അതിക്രമം നടന്നതെന്ന് അതിജീവിത ആരോപിക്കുന്നു. സിനിമാ അവസരങ്ങൾ വാഗ്ദാനം ചെയ്ത് സംവിധായകൻ തന്നെ ചൂഷണം ചെയ്തതായും പരാതിയിലുണ്ട്.