മലപ്പുറം: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നതിനിടെ മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്. സ്ത്രീയുടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യവകുപ്പ് തടഞ്ഞു. വിശദമായ പരിശോധനാഫലം പുറത്തുവരുന്നതുവരെ സംസ്കാര ചടങ്ങുകൾ നടത്താൻ പാടില്ലെന്ന് അധികൃതർ നിർദേശം നൽകി.

ഇന്നാണ് പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയുടെ (70) മരണം സംഭവിച്ചത്. തുടർന്ന് സംസ്കാരം നടത്താനുള്ള ശ്രമത്തിലേക്ക് കുടുംബം കടന്നതോടെ ആരോഗ്യവകുപ്പ് ഇപെടുകയായിരുന്നു. ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം മരിച്ച സ്ത്രീ ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ്.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടിക കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു. 485 പേരാണ് ആകെ സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം – 192 കോഴിക്കോട് – 114 പാലക്കാട് – 176 എറണാകുളത്ത് 2 കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം.

മലപ്പുറത്ത് 18 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയി. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.