കൊച്ചി: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് അഞ്ചാം ദിവസം നടൻ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചതായി പ്രോസിക്യൂഷൻ. തെറ്റ് ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് ദിലീപിൻ്റെ സന്ദേശത്തിൽ പറയുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
2017 ഫെബ്രുവരി 22ന് രാവിലെ 9.22 നാണ് ദിലീപ് മെസേജ് അയച്ചത്. മുഖ്യമന്ത്രിയെ കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി എന്നയാളാണ് പ്രതിയെന്ന റിപ്പോർട്ട് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെയാണ് ദിലീപ് സമ്മർദത്തിലായതും തുടർന്ന് മുഖ്യമന്ത്രി, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഫോണിൽ മെസേജ് അയച്ചതെന്ന് പ്രോസിക്യൂഷൻ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടാം തീയതി വിധി പുറത്തുവരാനിരിക്കെയാണ് വിചാരണ വേളയിലെ വിവരങ്ങൾ പുറത്തുവന്നത്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക.
അതേസമയം, കാവ്യ മാധവൻ – ദിലീപ് ബന്ധമാണ് നടിയെ ആക്രമിക്കാൻ കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി പിടിയിലാകുന്നത്. 2017 ജൂലൈ പത്തിനാണ് നടൻ ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കാവ്യ മാധവൻ്റെ ഫോൺ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് മൊബൈൽ ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പരുകൾ ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
2017 ഫെബ്രുവരി 17 രാത്രി ഒൻപത് മണിക്കാണ് കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ നടി അക്രമിക്കപ്പെട്ടത്. 2018 ലാണ് കേസിൻ്റെ വിചാരണ നടപടികൾ തുടങ്ങിയത്. കേസിൽ ദിലീപ് ഉൾപ്പെടെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. കേസിൻ്റെ വിചാരണ കാലയളവിൽ 28 സാക്ഷികളാണ് കൂറുമാറിയത്.



