കൊച്ചി: കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെത്തുടർന്ന് റദ്ദാക്കിയെന്ന് റിപ്പോർട്ട്. ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 504 വിമാനം ടേക്ക് ഓഫിനിടെയാണ് നിർത്തിവെച്ചത്. ടേക്ക് ഓഫ് ചെയ്യാൻ റൺവേയിലേക്ക് നീങ്ങവെയായിരുന്നി അസ്വാഭാവിക സംഭവം. വിമാനത്തിനകത്തുണ്ടായിരുന്ന ഹൈബി ഈഡൻ എംപിയാണ് വാർത്ത പങ്കുവെച്ചത്.
രാത്രി 10.15ന് ബോർഡിങ് ആരംഭിച്ച വിമാനം ടേക്ക് ഓഫിന് നീങ്ങവെ തെന്നിമാറുകയായിരുന്നു. 10.4നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. എൻജിൻ തകരാറിനെത്തുടർന്നാണ് പ്രശ്നമുണ്ടായതെന്ന് വിമാന ജീവനക്കാർ അറിയിച്ചെന്ന് ഹൈബി ഈഡൻ പറഞ്ഞു. രാത്രിയോടെ വിമാനം റദ്ദാക്കിയെന്ന് എംപി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
എഐ 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല’ എന്നായിരുന്നു ഹൈബി ഈഡൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമാനത്തിൻ്റെ ക്യാപ്റ്റൻ സംസാരിച്ചെന്നും എൻജിൻ്റെ തകരാർ പരിശോധിക്കുകയാണെന്നും അറിയിച്ചെന്നും ഹൈബി ഈഡൻ മനോരമയോട് പ്രതികരിച്ചു. ടേക്ക് ഓഫിന് തൊട്ടുമുൻപത്തെ റണ്ണിങ്ങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റൺവേയിൽ നിന്ന് പാർക്കിങ്ങിലേക്ക് മാറ്റിയെന്നും സംഭവത്തിന് പിന്നാലെ ഹൈബി ഈഡൻ അറിയിച്ചു.
ഒരു മണിക്കൂറിലധികം യാത്രക്കാർ വിമാനത്തിൽ തന്നെ തുടർന്നു. ഇതിനുശേഷമാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് വന്നത്. ഒരുമണിയോടെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഹൈബി ഈഡന് പുറമെ ഭാര്യ അന്ന ലിൻഡ ഈഡൻ, ആൻ്റോ ആൻ്റണി, ജെബി മേത്തർ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു.



