കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളർക്ക് രോഗികളുടെ വിവരങ്ങൾ കൈമാറിയതിന് സമാനമായ ഡേറ്റാ കച്ചവടമാണ് മെഡിസെപ്പിലും നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ സുപ്രധാന വ്യക്തിവിവരങ്ങളും രോഗവിവരങ്ങളും രണ്ട് സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറിയതായി അദ്ദേഹം ആരോപിച്ചു. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം 31.46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് ഇത്തരത്തിൽ സ്വകാര്യ ഏജൻസികളുടെ കൈകളിലെത്തിയത്.
അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളർക്ക് മലയാളികളുടെ വിവരങ്ങൾ വിറ്റത് വലിയ വിവാദമായിരുന്നു. അന്ന് ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ വ്യോമയാന സെക്രട്ടറി എം മാധവൻ നമ്പ്യാർ ചെയർമാനായ സമിതി ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഡേറ്റാ സംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്തണമെന്ന കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാതെ, മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ മുഖം രക്ഷിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനമായ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിക്കാണ് മെഡിസെപ് കരാർ ലഭിച്ചത്. എന്നാൽ അവർ ഈ കരാർ രണ്ട് സ്വകാര്യ കമ്പനികൾക്ക് കൈമാറി. ഇതോടെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സുപ്രധാന ഡേറ്റ ഈ കമ്പനികൾക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടായി. ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സ്വകാര്യ കമ്പനികൾ മെഡി ക്ലെയിമുകൾ വ്യാപകമായി തള്ളുകയും തുക വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇത് പദ്ധതിയുടെ ഗുണഭോക്താക്കളെ വലിയ രീതിയിൽ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് ജീവനക്കാരാണ് നിലവിൽ മെഡിസെപ്പ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കനത്ത ദ്രോഹമായി മാറിയ ഈ ഇടപാടിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യവിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.



