സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. മുഴുവൻ ജില്ലകളിലും ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 28/03/2026, 29/03/2026 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മാർച്ച് 27, 30, 31 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. ഉയർന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ മിക്കയിടങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഴ ലഭിക്കുന്നതോടെ ചൂടിന് നേരിയ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ
സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം.



