സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ശനിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും. വടക്കൻ ജില്ലകളിൽ ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്.
വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂൺ 11 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.