ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിനും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച യുവാക്കളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. യുവജനങ്ങളുടെ അർപ്പണബോധവും പങ്കാളിത്തവുമാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്ത് 38% കുടുംബങ്ങൾക്ക് മാത്രമാണ് ഡിജിറ്റൽ സാക്ഷരതയുള്ളതെന്നതിനാൽ ഈ നേട്ടം കേരളത്തിന് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ഈ ക്യാമ്പയിന് 2.5 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകി. 1991 ഏപ്രിലിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം കേരളമായിരുന്നെന്നും, അന്നും എൽഡിഎഫ് ഭരണത്തിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടക്കത്തിൽ 14-നും 65-നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചതെങ്കിലും, പിന്നീട് എല്ലാ പ്രായക്കാർക്കും ഇതിൽ പങ്കാളിയാകാൻ അവസരം നൽകി.