കേരളത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്‌കരണ (SIR) നടപടികളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

ഏകദേശം 25 ലക്ഷത്തോളം വോട്ടർമാർ പട്ടികയിൽ നിന്ന് തെറ്റായി പുറത്താക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് സർക്കാർ പങ്കുവെച്ചിരിക്കുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന് സംസ്ഥാന ചീഫ് സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ ലക്ഷക്കണക്കിന് വോട്ടർമാരെ ‘സ്ഥലം മാറിപ്പോയവർ’, ‘മരണപ്പെട്ടവർ’, ‘കണ്ടെത്താൻ കഴിയാത്തവർ’ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സർക്കാർ ചൂണ്ടിക്കാട്ടി. അർഹരായ പലർക്കും വോട്ടവകാശം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു