സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡുകൾ മറികടന്ന് കുതിക്കുകയാണ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി 1800 രൂപ വർദ്ധനവുണ്ടായ പവൻ്റെ വില ഇന്നും കുതിച്ചുയർന്നു. 760 രൂപയാണ് ഇന്ന് മാത്രം ഒരു പവന് വർദ്ധിച്ചിട്ടുള്ളത്. ഇതോടെ ഈ മാസത്തെയും ചരിത്രത്തിലെയും റെക്കോർഡ് നിരക്കിലാണ് സ്വർണവിപണി. 1,08,000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 13,500 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2560 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണ വിപണിയിൽ ദൃശ്യമാകുന്ന അസാധാരണമായ ഈ വർദ്ധനവ് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജനുവരി മാസം ഒന്നിന് 99,040 രൂപയിൽ തുടങ്ങിയ പവൻ വില വെറും ഇരുപത് ദിവസത്തിനുള്ളിൽ എണ്ണായിരം രൂപയിലധികം വർദ്ധിച്ചുവെന്നത് വിപണിയിലെ അസ്ഥിരത വ്യക്തമാക്കുന്നു.