സംസ്ഥാനത്തെ സ്വർണ്ണവിലയിൽ അമ്പരപ്പിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായത്. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ 4000 രൂപയിലധികം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 2760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,07,560 രൂപയിലെത്തി. ഗ്രാമിന് 13,445 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ വലിയ തിരുത്തലുകൾ പ്രകടമായിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവിന് കാരണമായിരിക്കുകയാണ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വർണ്ണ വ്യാപാരം നടന്നിരുന്നത് എന്നത് ശ്രദ്ധേയമാണ്.



