സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന വിലയിൽ ഇന്നലെ മുതൽ പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. ഇന്നലെ മാത്രം ഉച്ചയ്ക്കും വൈകുന്നേരവുമായി 1800 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വൻ വിലയിടിവ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് എത്തിയിരിക്കുകയാണ്.

ഇന്ന് ഒരു പവൻ സ്വർണത്തിന് 2240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 99,880 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,485 രൂപയാണ് വില. ഡിസംബർ 23-നാണ് കേരള ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതിനുശേഷം വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് ദൃശ്യമായിരുന്നത്. ഇന്ന് വില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.