കോട്ടയം: പാലയിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം. ജോസ് കെ. മാണി സീറ്റിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് പരാതി.
സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികൾക്ക് ജോസ് കെ. മാണി സീറ്റ് വിറ്റെന്നായിരുന്നു മാണി സി. കാപ്പന്റെ ആരോപണം. തോൽവി സമ്മതിച്ച കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ആരോപിച്ചു.
പ്രചാരണ സമയം കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ യഥാർഥത്തിൽ വോട്ടർമാരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ലോപ്പസ് മാത്യു കൂട്ടിച്ചേർത്തു.



