കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്. യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എൻഡിഎയിലേക്കുള്ള സാധ്യതയും ചിലർ തുറന്നുപറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.
കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നാണ് പ്രധാനമായും ഈ നിർദേശം ഉയർന്നത്. മലബാർ മേഖലയിൽ നിന്നുമുള്ള ചില നേതാക്കളും സമാന അഭിപ്രായം പങ്കുവെച്ചു. “അർഹമായ പരിഗണന ലഭിക്കുന്നുവെങ്കിൽ മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിൽ തെറ്റില്ല” എന്ന നിലപാടാണ് യോഗത്തിൽ ഉയർന്നത്.
ശനിയാഴ്ച ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ, സിപിഐഎം, എൽഡിഎഫ് നേതൃത്വം എന്നിവർക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പിണറായി വിജയൻ ആണെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെട്ടത്. “ഇനിയും അതേ നേതൃത്വത്തിൽ മുന്നോട്ട് പോയാൽ ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് ഇടതുമുന്നണി പോകും” എന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
സിപിഐ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നത് നല്ലതാകുമെന്ന അഭിപ്രായവും ഉയർന്നു. സിപിഐഎം പ്രവർത്തകർ വ്യാപകമായി ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവും ചില നേതാക്കൾ ഉന്നയിച്ചു.



