നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നത് രാജ്യത്തിന് ബാധ്യതയാകുമെന്ന കേന്ദ്ര സർക്കാരിന്റെ വിചിത്രമായ ന്യായം കർഷകരോടുള്ള ശത്രുതാപരമായ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെൽകർഷകർക്കുള്ള അധിക പ്രോത്സാഹന ബോണസ് റദ്ദാക്കാൻ കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. നെല്ലുൽപ്പാദനം വർദ്ധിക്കുന്നതിനാൽ സംഭരണച്ചെലവ് പൊതു ട്രഷറിക്ക് ബാധ്യതയാകുമെന്ന് കേന്ദ്ര ധനകാര്യ, ചെലവ് സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു.

ഇതുസംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. കേന്ദ്ര സർക്കാർ നിശ്ചയിച്ച മിനിമം താങ്ങുവിലയ്ക്ക് മുകളിൽ ബോണസ് നൽകി സംസ്ഥാന സർക്കാർ കർഷകരെ പിന്തുണയ്ക്കുന്നു. കേന്ദ്ര സർക്കാർ ഇതിനെക്കുറിച്ച് എന്തിനാണ് ആശങ്കപ്പെടുന്നത്?. 

കർഷകർക്ക് സംഭരണത്തിനായി കേരള സംസ്ഥാന സർക്കാർ കിലോയ്ക്ക് 6.31 രൂപ അധിക തുകയായി നൽകുന്നു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവർ കർഷകർക്ക് നൽകുന്ന ബോണസിനെ വലിയ ബാധ്യതയായി ചിത്രീകരിക്കുന്നു.