തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ വലിയ തുറമുഖ നഗരമായി വികസിപ്പിക്കുകയാണ് സർക്കാരിന്റെ  സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ടെർമിനൽ, പതിനേഴ് ചെറു തുറമുഖങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള സമഗ്ര വികസന പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യോമഗതാഗത കേന്ദ്രമാക്കി മാറ്റുന്നതിനും സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായ മേഖലക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന സർക്കാർ പതിനായിരം സംരംഭങ്ങൾക്ക് സഹായം നൽകുമെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ സഹകരണ മേഖല പ്രതിസന്ധിയിലാണെന്നും അതിനെ പുനരുജ്ജീവിപ്പിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായും ആധുനികവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ലഹരി ശൃംഖലകളെ പൂർണമായി തകർക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പ്രതിപക്ഷത്തിന്റെ നയങ്ങളല്ല സർക്കാർ പിന്തുടരുന്നതെന്നും പുതിയ സർക്കാരിന്റെ സ്വന്തം വികസന കാഴ്ചപ്പാടുകളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.