ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആദ്യ ഹോം മത്സരത്തിനായി കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിസന്ധിയിലാക്കി ജിസിഡിഎ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും, റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഇറക്കിവിട്ട ജിസിഡിഎ പിന്നാലെ സ്റ്റേഡിയത്തിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ഓഫിസും പൂട്ടി.

മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഓഫിസിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന്റെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയും (എഐഎഫ്എഫ്) അധികൃതരെയാണ് ജിസിഡിഎ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പുറത്താക്കിയത്. ഇതിനു ശേഷം ഓഫിസ് മുറി പൂട്ടുകയും ചെയ്തു.കൊച്ചിയിലെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കെ സ്റ്റേഡിയത്തിന് വാടക ഇനത്തിൽ നൽകുന്ന തുക കൂട്ടണമെന്നു ജിസിഡിഎ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടിരുന്നു. ഈ സീസണിൽ ഒരു മത്സരത്തിന് രണ്ടു ലക്ഷം രൂപ മതിയെന്നായിരുന്നു ജിസിഡിഎ നേരത്തേ പറഞ്ഞിരുന്നത്. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ അവസാനനിമിഷം, 4.20 ലക്ഷം രൂപ ഒരു മത്സരത്തിനു വേണമെന്ന് ജിസിഡിഎ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക നൽകാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

ശനിയാഴ്ച രാവിലെ വാർത്താസമ്മേളനത്തിനെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും ജിസിഡിഎ അധികൃതർ സ്റ്റേഡയിത്തിൽനിന്ന് ഇറക്കിവിട്ടു. പ്രവേശനകവാടം പൂട്ടുകയും ചെയ്തു. തുടർന്ന് വാർത്താസമ്മേളനം ഓൺലൈനായി നടത്തുമെന്ന് ബ്ലാസ്റ്റേസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ട് സ്റ്റേഡിയത്തിലെ ഓഫിസ് ജിസിഡിഎ ഒഴിപ്പിച്ചത്. ഇതോടെ ഞായറാഴ്ചത്തെ കേരള ബ്ലാസ്റ്റേഴ്സ്– മുംബൈ സിറ്റി എഫ്‌സി മത്സരം അനിശ്ചിതത്വത്തിലായി.