തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ഗുരുതര പിഴവുകൾ ഉടൻ തിരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ പരിഹരിച്ചില്ലെങ്കിൽ, ഹൈക്കോടതിയിലുൾപ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി ജനറൽ സെക്രട്ടറി അറിയിച്ചു.

തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാന രേഖയാണ് വോട്ടർപ്പട്ടിക. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടർപ്പട്ടികയിൽ ഗുരുതര പിഴവുകളാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. പലതും മനഃപൂർവമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ സംശയം. തിരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതുമുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള പ്രശ്നങ്ങൾ വോട്ടർപ്പട്ടികയിൽ കടന്നുകൂടിയത്.

ബിജെപി ഉയർത്തിയ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് പലയിടങ്ങളിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തത് ഗുരുതര ക്രിമിനൽ കുറ്റകൃത്യമാണ്. ആൾമാറാട്ടം, രേഖകളിൽ തിരിമറി കാണിക്കുക തുടങ്ങിയ എല്ലാ കുറ്റങ്ങളും ഇതിന്റെ ഭാഗമായി വരും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തരമായി ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.