ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ ഇന്ന് പ്രഖ്യാപിക്കും. കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം സഭയിൽ പ്രഖ്യാപനം നടത്തും. തുടർന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് മുമ്പും ശേഷവും ഒരു കലാവിരുന്നും ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേ സമയം, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.