പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ശബരിമല സ്വർണ്ണക്കൊള്ള കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളാൽ ഇത്തവണത്തെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ആരംഭിക്കുന്നത്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എംഎൽഎയുമായ എ. പത്മകുമാർ അറസ്റ്റിലായ വിഷയം സഭയിൽ ഉന്നയിക്കാനാണ് യുഡിഎഫ് നീക്കം. ജയിലിലായിട്ടും പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുക്കാത്തത് സർക്കാരിന്റെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇതേ കേസിൽ ചോദ്യം ചെയ്തതും സഭയിൽ ചർച്ചയാകും.