വളർത്തു പൂച്ച മാന്തിയതിന് പിന്നാലെ ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരി മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി ഹന്നാ ഫാത്തിമ ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ടു കുട്ടിക്ക് മുറിവേറ്റത്.
രണ്ടാം ഡോസ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പന്തളം കടയ്ക്കാട് അഷറഫ് റാവുത്തർ -സജിന ദമ്പതികളുടെ മകളാണ്.
പൂച്ച കടിച്ചാൽ എന്തു ചെയ്യണം?
രോഗം ബാധിച്ച മൃഗങ്ങൾ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ പ്രവേശിക്കും. അണുക്കൾ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തിയാണു രോഗമുണ്ടാകുന്നത്. നായ,പൂച്ച,കുറുക്കൻ എന്നിവയിലൂടെയാണു മനുഷ്യർക്ക് പ്രധാനമായും പേവിഷബാധയേൽക്കുന്നത്.മൃഗങ്ങളുടെ കടിയേറ്റ (മാന്തിയ) ഭാഗം തുറന്ന ടാപ്പിനു ചുവടെ പിടിച്ച് 10 മിനിറ്റ് വരെ സോപ്പ് ഉപയോഗിച്ച് കഴുകണം. എത്രയും വേഗം അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ ചികിത്സയ്ക്ക് എത്തണം. മുറിവിന്റെ സ്വഭാവം തലച്ചോറിൽ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് വാക്സിനേഷന്റെ രീതി നിശ്ചയിക്കുന്നത്.ഇൻട്ര ഡെൽമൽ റേബീസ് ആന്റി വാക്‌സീനേഷൻ (ഐഡിആർവി) കുത്തിവയ്‌പാണു നൽകുന്നത്. ഇതോടൊപ്പം ടിടിയും എടുക്കും.