എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു. 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 21 പേര്‍ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കില്‍ 43 പേര്‍ ഉള്‍പ്പെട്ടിരുന്നു. 

പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശിയായ ഹരികൃഷ്ണനും നേടി. മൂന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ എമില്‍ ഐപ്പ് സക്കറിയയും നാലാം റാങ്ക് നേടിയിരിക്കുന്നത് തിരൂരങ്ങാടി സ്വദേശി സയാനുമാണ്.

പ്രോസ്പക്റ്റസില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയ്ക്ക് പിന്നാലെയാണ് മുന്‍പ് പ്രസിദ്ധീകരിച്ച കീം ഫലം ഹൈക്കോടതി റദ്ദാക്കിയത്. മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുന്‍പുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂര്‍ണമായി റദ്ദാക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.

എന്‍ട്രന്‍സ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്ക് ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. മുന്‍സമവാക്യ പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ത്ഥികളേക്കാള്‍ 15-20വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ തീരുമാനം.