കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പള്ളികളിൽ പ്രതിഷേധ സർക്കുലറിറക്കി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി). രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളം മദ്യശാലകളുടെ പ്രളയത്തിലായെന്ന് കുറ്റപ്പെടുത്തിയ സർക്കുലർ, ലഹരിക്കെതിരെ ആർജവമുള്ള ഭരണസംവിധാനം വേണമെന്നും ആവശ്യപ്പെട്ടു.
2016-ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്ത് വെറും 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ നിലവിൽ അത് ആയിരത്തിലേറെയായി വർധിച്ചുവെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. മദ്യവും മറ്റ് മാരക ലഹരിവസ്തുക്കളും വീടുകളിലേക്ക് വരെ എത്തുന്ന സാഹചര്യമുണ്ട്. ലഹരി തടയാൻ അധികാരപ്പെട്ടവർ തന്നെ അത് യഥേഷ്ടം വ്യാപിപ്പിക്കാൻ കൂട്ടുനിൽക്കുകയാണെന്നും കെസിബിസി ആരോപിച്ചു.
ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തുന്ന മീറ്റിംഗുകൾ വെറും പ്രഹസനമായി മാറുകയാണ്. ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചതടക്കമുള്ള തീരുമാനങ്ങൾ ഇതിന് തെളിവാണെന്നും സർക്കുലറിൽ പറയുന്നു.



