നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഈ സർക്കാരിന്റെ പോക്ക് കണ്ടിട്ട് കമ്മ്യൂണിസ്റ്റ് സഹയാത്രികർ ഇന്ന് മാനസിക സമ്മർദ്ദത്തിലാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപ്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് ‘ആശാസമര’ത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്.
പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണ് സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്ക് പെട്ടെന്ന് കെ. സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. പക്ഷെ, പ്രേംകുമാറിനെ ഒഴിവാക്കി.



