കാസർഗോഡ് ആലമ്പാടിയിൽ ഭർത്താവും വീട്ടുകാരും മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് 24 വയസ്സുകാരി ജീവനൊടുക്കി. മുളിയാർ സ്വദേശിനിയായ ജസീറയാണ് മരിച്ചത്.

അയൽവാസിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചുവെന്ന് ഭർത്താവും വീട്ടുകാരും തുടർച്ചയായി ആരോപിച്ചതിനെത്തുടർന്ന് ജസീറ വിഷം കഴിക്കുകയായിരുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസീറ ഫെബ്രുവരി 20-നാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ജസീറ.

മരണത്തിന് മുൻപ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശവും ആത്മഹത്യ കുറിപ്പും ജസീറ തയ്യാറാക്കിയിരുന്നു. അയൽവാസിയുടെ ആഭരണങ്ങൾ താൻ മോഷ്ടിച്ചിട്ടില്ലെന്നും ഭർത്താവും ഭർതൃമാതാവും അയൽക്കാരും ചേർന്ന് തന്നെ കള്ളിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.