കാർത്തിക് ആര്യനും അനന്യ പാണ്ഡെയും പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ‘തൂ മേരി മേം തേരാ മേം തേരാ തൂ മേരി’ ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ് . ചിത്രത്തിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ചിത്രത്തിന്റെ നിർമാതാവ് കരൺ ജോഹറുമായും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസുമായും കാർത്തിക് അകലം പാലിക്കുന്നുവെന്ന അഭ്യൂഹം നേരത്തേയുണ്ടായിരുന്നു. എന്നാൽ, നിർമ്മാതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി പ്രതിഫലത്തിന്റെ ഒരു വലിയ ഭാഗം കാർത്തിക് തിരികെ നൽകിയെന്നാണ് ഏറ്റവും പുതിയ വിവരം.
കാർത്തിക് തന്റെ പ്രതിഫലത്തിൽ നിന്ന് ഏകദേശം 15 കോടി രൂപ തിരികെ നൽകിയതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ഹിന്ദി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന സമയത്ത് കാർത്തിക്കിന്റെ തീരുമാനത്തെ പ്രശംസിക്കുന്നവരുമുണ്ട്.
നടൻ്റെ ഈ പ്രവൃത്തി പക്വതയുള്ളതും ഉത്തരവാദിത്തത്തോടെയുള്ളതുമാണെന്ന് സിനിമാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ‘ഷെഹ്സാദ’ എന്ന ചിത്രം പരാജയപ്പെട്ടപ്പോഴും കാർത്തിക് സമാനമായ രീതിയിൽ പ്രതിഫലം കുറച്ചിരുന്നു. കാർത്തിക് നിലവിൽ ‘നാഗ്‌സില്ല’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ധർമ്മ പ്രൊഡക്ഷൻസാണ് സഹനിർമ്മാണം.



