തമിഴ്‌നാടിനും കേരളത്തിനും പിന്നാലെ കർണാടകയിലും ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. വ്യാഴാഴ്ച കർണാടക നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ ചില ഭാഗങ്ങൾ വായിക്കാൻ വിസമ്മതിച്ച ഗവർണർ താവർചന്ദ് ഗെലോട്ട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാരിന്റെ നയങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന പ്രസംഗത്തിലെ ചില പരാമർശങ്ങൾ സർക്കാരിന്റെ പ്രചാരണം (Propaganda) മാത്രമാണെന്ന് ആരോപിച്ചാണ് ഗവർണറുടെ ഈ അപ്രതീക്ഷിത നീക്കം.

തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGA) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള ‘ജി റാം ജി’ (G RAM G) ബില്ലിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ ഗവർണർ ശക്തമായി എതിർത്തു. സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് രാജ്ഭവൻ സ്വീകരിച്ചത്. ഇതോടെ സഭയിൽ ഭരണപക്ഷവും ഗവർണറും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾക്കും ഇത് വഴിവെച്ചു.