തമിഴ്നാട്ടിൽ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഡിഎംകെ എംപിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി കരുണാനിധി. ചെന്നൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലെ ഇംഗ്ലീഷ് നാമഫലകം മാറ്റി ഹിന്ദിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കനിമൊഴി രംഗത്തെത്തിയത്. ഇതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കേന്ദ്ര നയത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവർ പ്രതികരിച്ചത്.
ചെന്നൈ എംജിആർ സെൻട്രലിന് സമീപമുള്ള പാർക്ക് ടൗൺ സബർബൻ റെയിൽവേ സ്റ്റേഷനിലെ ബോർഡിന്റെ ചിത്രമാണ് കനിമൊഴി എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. “കല്ലക്കുടിയിൽ തുടങ്ങിയ ഈ നീക്കം ഇപ്പോൾ ചെന്നൈ പാർക്ക് സ്റ്റേഷനിൽ വരെ എത്തിനിൽക്കുന്നു. അവർ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിർത്താൻ പോകുന്നില്ല, ഞങ്ങൾ അതിനെ എതിർക്കുന്നതും നിർത്താൻ പോകുന്നില്ല,” എന്ന് കനിമൊഴി കുറിച്ചു. തമിഴ്നാടിന്റെ ഭാഷാപരമായ സ്വയംഭരണാധികാരത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണെന്നും അവർ ആരോപിച്ചു.



