രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എംപി കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍ എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു നന്ദിപ്രകടനം. മഹാത്മാഗാന്ധിയാണ് തന്നെ ഭയക്കാതെ പ്രസംഗിക്കാന്‍ പ്രാപ്തനാക്കിയതെന്ന് കമല്‍ഹാസൻ പറഞ്ഞു.

സ്ഥിരമായ ഭരണകൂടങ്ങളില്ല, ഉണ്ടായിട്ടില്ല. ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. അത് ഈ സർക്കാരിനും ബാധകമാണ്. പുതിയ തലമുറ നമ്മെ കാണുകയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെവേണം പെരുമാറാൻ എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ജനാധിപത്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സഭയില്‍ അദ്ദേഹം സംസാരിച്ചു. കമല്‍ ഹാസന്‍റെ ആദ്യത്തെ പ്രസംഗമാണെന്നും ആരും തടസപ്പെടുത്തരുതെന്നും പ്രസംഗം തുടങ്ങുന്നതിന് മുമ്പ് സ്പീകർ നിർദേശിച്ചിരുന്നു.

എസ്ഐആർ നടപടികളിലൂടെ രാജ്യം ബുദ്ധിമുട്ടുന്നുണ്ടെന്ന് ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് കമല്‍ ഹാസൻ വ്യക്തമാക്കി. മമത ബാനർജി എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദത്തിനുവേണ്ടി എത്തിയ കാര്യങ്ങളും അദ്ദേഹം സൂജിപ്പിച്ചു. അംഗങ്ങൾ കയ്യടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തെ സ്വീകരിച്ചത്.